Tuesday 1 October 2013

നഷ്ടം

നിന്നെ നഷ്ടപ്പെടുത്തി ഞാൻ 
നേടിയതൊക്കെയും കുറിച്ച് വെയ്ക്കാൻ
കരുതിയ പുസ്തകത്തിൻ താളുകൾ
ശൂന്യം തന്നെയിപ്പോഴും 

നിനക്ക് നഷ്ടമായത്..

ആദ്യമായ് പ്രണയം നൽകിയപ്പോൾ 
എന്റെ കാതിൽ നീ മധുരമായ് മന്ത്രിച്ചു   
നീയെന്റെ പ്രാണൻ, നീയെന്റെ  പുണ്യം
നീയെന്റെ സ്വപ്നം,നീയെന്റെ സ്വന്തം

ഒടുവിലെന്നെ കശക്കിയെറിഞ്ഞു നീ 
കടന്നു പോയപ്പോൾ ബാക്കിയായത് 
പിഴച്ചവളെന്നൊരു പേരും, കൂടെ 
നീറിപ്പുകയുമൊരു ചോദ്യവും മാത്രം   

നീ കവർന്നെടുത്തതെല്ലാം ഞാൻ
നിനക്കായ്‌ മാത്രം കരുതിയതല്ലേ....

                                        ആശാ ദാസ്‌ 

Sunday 29 September 2013

വാനവും ഭൂമിയും... പ്രണയവും

നേർത്ത മഴനൂലിഴകളിലൂടെ
ഊർന്നിറങ്ങി ഒഴുകിയെത്തി 
ഭൂമിയോടുള്ള തന്റെ പ്രണയം 
അറിയിക്കാനുറച്ചതാണ് വാനം.. 

വേനൽ പോയി വർഷം വന്നിട്ടും
ഭൂമിയിൽ പക്ഷെ മഴ പെയ്തില്ല
മനുഷ്യൻ കൊളുത്തിയ ചിതയിലപ്പോൾ 
ജീവനോടെ എരിയുകയായിരുന്നു ഭൂമി..

                                         ആശാ ദാസ്‌ 

നഗ്നത

ഉരിഞ്ഞതവളുടെ വസ്ത്രമാണെങ്കിലും 
തെളിഞ്ഞതവളുടെ നഗ്നതയല്ല..
പകരം വെളിപ്പെട്ടതോ നീ മൂടിവെച്ച 
കപട സദാചാരത്തിൻ നഗ്നത തന്നെ.. 

                                    ആശാ ദാസ്‌ 

അവസരവാദി

ദൈവമെന്നൊന്നില്ല ചൊല്ലി അച്ഛൻ
ഏറ്റു ഞാൻ ചൊല്ലി ദൈവമില്ല
ദൈവമെന്നൊന്നുണ്ട് ചൊല്ലി അമ്മ
ഏറ്റു ഞാൻ ചൊല്ലി ദൈവമുണ്ട്

നേട്ടങ്ങൾ ലാഭങ്ങൾ,വിജയങ്ങൾ വന്നപ്പോൾ
വീണ്ടും ഉറപ്പിച്ചു  ദൈവമില്ല
കോട്ടങ്ങൾ, നഷ്ടങ്ങൾ, ദുഃഖങ്ങൾ വന്നപ്പോൾ
നല്കി ഞാൻ കൈക്കൂലി ദൈവത്തിനും

                                                

                                            ആശാ ദാസ്‌ 

പറയാൻ മറന്ന പ്രണയം

പറയുവാനേറെയുണ്ടെങ്കിലും പറയാതെ 
കാത്തു ഞാന്‍ വെച്ചവയോക്കെയും ചേര്‍ത്തൊരു
കവിതയായ് ഒഴുകട്ടെ നിന്നിലെക്കെന്‍ സ്നേഹം 
പകര്‍ന്നു ഞാന്‍ നല്‍കിയ നിശബ്ദതയില്‍ പോലും 
കാത്തു വെച്ചെന്‍ ഹൃദയം നീ പോലും അറിയാതെ
ഈ പ്രണയ കാവ്യം ഒരിക്കലും മായാതെ 
നിത്യം അനശ്വരമായി നിലനില്‍ക്കുവാന്‍ 
പകര്‍ത്തുകയാണ് നിന്‍ ഹൃദയത്തിലിന്നു ഞാന്‍ 
വാക്കുകള്‍ വരികളായ്...
വരികളെന്‍ കവിതയായ്...
കവിതയെന്‍ പ്രണയമായ്...
പനിനീര് പെയ്യുന്ന താഴ്വരകളിലൂടെ
നിന്നില്‍ വന്നൊഴുകി നിറയട്ടെ ഞാന്‍...

                                  ആശാ ദാസ്‌ 

മലാല... നിനക്കായ്‌

ഉയരും മുൻപേ ചിറകറ്റ വെള്ളരിപ്രാവേ  
തിരിച്ചു വരിക നീ കൂടുതല്‍ കരുത്തോടെ 
കാത്തിരിക്കുന്നു മലാല നിനക്കായി 
പ്രാര്‍ത്ഥനയോടെ പ്രതീക്ഷയോടെ...